കേപ്പിന്റെ നാല് കോളജുകളിലെ പുതിയ കെട്ടിട സമുച്ചയങ്ങള്‍ ഇന്ന് ഉദ്ഘാടനം ചെയ്തു. ആറന്മുള എഞ്ചിനീയറിംഗ് കോളേജില്‍ അക്കാദമിക് ബ്ലോക്കും, വടകര, കിടങ്ങൂര്‍, പത്തനാപുരം കോളേജുകളില്‍ വനിതാഹോസ്റ്റലുകളുമാണ് പുതുതായി നിര്‍മ്മിച്ചത്. ആറന്മുള എഞ്ചിനീയറിംഗ് കോളേജില്‍ 18 കോടി രൂപാ ചെലവിലാണ് അക്കാദമിക് ബ്ലോക്കിന്റെ രണ്ടാംഘട്ട നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ എല്ലാവിധ നൂതന സംവിധാനങ്ങളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.
വടകര, കിടങ്ങൂര്‍, പത്തനാപുരം കോളേജുകളിൽ വനിതാ ഹോസ്റ്റൽ എന്ന ആവശ്യം നാളുകളായി ഉന്നയിക്കപ്പെടുന്നതാണ്. ഇതു തിരിച്ചറിഞ്ഞാണ് 17 കോടി രൂപാ ചിലവില്‍ ഈ മൂന്നു കോളജുകളിലും വനിതാഹോസ്റ്റലുകള്‍ നിര്‍മ്മിച്ചിട്ടുള്ളത്. 500 വിദ്യാര്‍ത്ഥിനികള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.
തൊണ്ണൂറുകളിലെ വ്യവസായിക മുന്നേറ്റം സാങ്കേതിക മേഖലയില്‍ വലിയതോതിലുളള അവസരങ്ങള്‍ തുറന്നിട്ട കാലത്ത് നാം നേരിട്ട പ്രധാന പ്രശ്നം വേണ്ടത്ര സാങ്കേതികവിദഗ്ദ്ധരുടെ അഭാവമായിരുന്നു. അന്ന് നിലവിലുണ്ടായിരുന്ന സ്വാശ്രയ കോളേജുകളിലെ ഫീസ് ഘടന വിദ്യാര്‍ത്ഥികള്‍ക്ക് താങ്ങാനാകുന്നതിനപ്പുറമായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രൊഫഷണല്‍ വിദ്യാഭ്യാസരംഗത്ത് സഹകരണമേഖല വഴി ഇടപെടാന്‍ 1996 ലെ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചത്. അതിന്റെ ഫലമായാണ് 1999 ല്‍ കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എജ്യുക്കേഷന്‍ (കേപ്പ്) രൂപീകൃതമായത്. സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയകോളേജുകള്‍ ആരംഭിച്ചതു വഴി സ്വകാര്യ മേഖലയുടെ ചൂഷണത്തിനും മേധാവിത്വത്തിനും ഒരു പരിധിവരെ കടിഞ്ഞാണിടാന്‍ സാധിക്കുന്നുണ്ട് എന്നത് സന്തോഷം പകരുന്ന കാര്യമാണ്.
# 100ദിവസങ്ങൾ
# 100പദ്ധതികൾ